Saturday, 18 February 2012

സ്കൂള്‍ പാഠ്യപദ്ധതിയെക്കുറിച്ച് ഗൗരവപഠനം വേണം: എം എ ബേബി

കോട്ടയം: അക്കാദമിക് സമൂഹം സ്കൂള്‍ പാഠ്യപദ്ധതിയെക്കുറിച്ച് ഗൗരവമുള്ള പഠനവും വിലയിരുത്തലും നടത്തണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തില്‍ അധ്യാപക ലോകം അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍സിഇആര്‍ടി വിദഗ്ദ്ധരായ പ്രഫ. യശ്പാലും ഡയറക്ടറായ കൃഷ്ണകുമാറും കേരളത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പാഠ്യ പദ്ധതി പരിഷ്കാരത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അക്കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാനും വിലയിരുത്താനം നമുക്കായിട്ടില്ല.
മറ്റ് ലക്ഷ്യങ്ങള്‍ക്കായി ഇത്തരം കാര്യങ്ങളെ വിമര്‍ശിച്ച് ഒരു കൂട്ടര്‍ രംഗത്തുവരികയായിരുന്നു. കുട്ടികളുടെ മനസിന് അമിതഭാരം നല്‍കി എല്ലാംകൂടി കടത്തിവിടുന്ന പാഠ്യരീതി അനുകൂലിക്കാനാകില്ല. ഗുണമേന്മയില്‍ ഊന്നിയുള്ള പരിഷ്കാരങ്ങള്‍ മത്രമാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. പാഠപുസ്തകങ്ങളില്‍ ദൈവനിന്ദയുണ്ടായിരുന്നുവെന്നത് ഒരു വിഭാഗത്തിന്റെ സാങ്കല്‍പിക സൃഷ്ടിമാത്രമാണ്. എല്ലാ മതസ്ഥാപകരും മനുഷ്യ നന്മയാണ് വിഭാവനം ചെയ്തത്. എന്നാല്‍ ചില നിക്ഷിപ്ത താല്‍പര്യക്കാരും മറ്റ് പ്രചാരകരും മതങ്ങളെയും വിശ്വാസങ്ങളെയും മറ്റ് താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തിട്ടുണ്ട്. മതത്തെയും ദൈവത്തെയും മുന്നില്‍ നിര്‍ത്തി കാര്യം സാധിക്കുന്ന ചിലര്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. എന്നാല്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ ആശയങ്ങളോട് എക്കാലവും യോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള മത നേതാക്കളെയും കാണാനാകും. വലിയ മെത്രാപോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്, ഡോ. പൗലോസ് മാര്‍ പൗലോസ് എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നവരാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം.സംഘടനാപരമായും അക്കാദമികമായും സമര സജ്ജരാകാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment