സ്വാഗതം

നമ്മുടെ മുഖ്യമന്ത്രിമാര്‍

ഇ.എം.എസ് നമ്പൂതിരിപ്പാട്
1909 ജൂണ്‍ 14-ന് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ ഏലംകുളത്ത് മനയില്‍ ജനനം. അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അമ്മ വിഷ്ണുദത്ത അന്തര്‍ജനം. ഏലംകുളത്ത് മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്നാണ് പൂര്‍ണനാമം. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചത് വൈകിയാണെങ്കിലും ചെറുപ്പത്തിലേ പരമ്പരാഗത രീതിയില്‍ സംസ്‌കൃതവും വേദങ്ങളും അഭ്യസിച്ചു. 15-ാം വയസ്സില്‍ വള്ളുവനാട് ഉപയോഗക്ഷേമസഭയുടെ സെക്രട്ടറി ആയിക്കൊണ്ടാണ് പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. 1925-ല്‍ പെരിന്തല്‍മണ്ണ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ പഠനകാലത്താണ് ദേശീയ പ്രസ്ഥാനത്തില്‍ സജീവമാകുന്നത്. മദ്രാസില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലും പയ്യന്നൂരിലും വടകരയിലും നടന്ന സംസ്ഥാന സമ്മേളനങ്ങളിലും പങ്കെടുത്തു. 1932-ല്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കാളിയാകാനായി അദ്ദേഹം കോളേജ് വിട്ടിറങ്ങി. കോഴിക്കോട് നിന്ന് അറസ്റ്റിലായ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. ഇക്കാലത്താണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി അദ്ദേഹം അടുക്കുന്നത്. 1934-ല്‍ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം 1936-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1939-ല്‍ പിണറായിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടു. അതേ വര്‍ഷം തന്നെ ഇ.എം.എസ് മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള രൂപവത്കരണത്തിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ നീലേശ്വരം മണ്ഡലത്തില്‍ നിന്നാണ് ഇ.എം.എസ് വിജയിച്ചത്. 1957 ഏപ്രില്‍ അഞ്ചിന് അദ്ദേഹം കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി. 1959-ല്‍ വിമോചന സമരത്തെത്തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിടപ്പെട്ടു. 1960, 1967, 1970 എന്നീ വര്‍ഷങ്ങളില്‍ പട്ടാമ്പിയില്‍ നിന്നും 1977-ല്‍ ആലത്തൂരില്‍ നിന്നും അദ്ദേഹം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് സി.പി.എമ്മിനൊപ്പം നിന്ന ഇ.എം.എസ് 1967 മുതല്‍ 1969 വരെ വീണ്ടും മുഖ്യമന്ത്രിയായി. 1960-64, 1970-77 വര്‍ഷങ്ങളില്‍ നിയമസഭാ പ്രതിപക്ഷനേതാവായിരുന്നു. 1998 മാര്‍ച്ച് 19-ന് അന്തരിച്ചു.

പട്ടം എ. താണുപിള്ള

1885 ജൂലായ് 15-ന് തിരുവനന്തപുരത്ത് ജനനം. അച്ഛന്‍ വരദരാജന്‍. അമ്മ ഈശ്വരി അമ്മ. 1917-ല്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി. നിവര്‍ത്തന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. 1938-ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 14 വര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്നു. 1921-ല്‍ ശ്രീമൂലം പ്രജാസഭയിലേക്കും 1928-32 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1933, 37 വര്‍ഷങ്ങളില്‍ ശ്രീമൂലം അസംബ്ലിയിലും 1948-ല്‍ തിരുവിതാംകൂര്‍ അസംബ്ലിയിലും അംഗമായി. സ്വാതന്ത്ര്യത്തിനു ശേഷം തിരുവിതാംകൂറിലെ ആദ്യ ജനകീയ ഭരണസംവിധാനത്തില്‍ പട്ടം താണുപിള്ളയായിരുന്നു പ്രധാനമന്ത്രി. പിന്നീട് കോണ്‍ഗ്രസ് വിട്ട അദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചു. 1954 മുതല്‍ 55 വരെ അദ്ദേഹം തിരു-കൊച്ചി മുഖ്യമന്ത്രിയായി. 1957-ല്‍ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്നു വിജയിച്ചു. 1960 ഫിബ്രവരി 22-ന് മുഖ്യമന്ത്രിയായി. 1962 സപ്തംബര്‍ 25-ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ആ വര്‍ഷം തന്നെ പഞ്ചാബ് ഗവര്‍ണറായി നിയമിതനായി. 1964-68 വര്‍ഷങ്ങളില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറുമായിരുന്നു. 1970 ജൂലായ് 27-ന് അന്തരിച്ചു.

ആര്‍. ശങ്കര്‍

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുഴിക്കലിടവകയില്‍ 1909 ഏപ്രില്‍ 30-ന് ജനിച്ചു. അച്ഛന്‍ രാമന്‍. അമ്മ കുഞ്ചാലി അമ്മ. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടിയ ശേഷം ശിവഗിരി ഹൈസ്‌കൂളില്‍ അധ്യാപകനായി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രവര്‍ത്തകനുമായി. യോഗം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, എസ്.എന്‍ ട്രസ്റ്റ് തലവന്‍ എന്നീ നിലകളില്‍ 13 വര്‍ഷം പ്രവര്‍ത്തിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. 1948-ല്‍ തിരുവിതാംകൂര്‍ അസംബ്ലി അംഗമായി. 1949 മുതല്‍ 56 വരെ തിരു-കൊച്ചി നിയമസഭാ അംഗമായിരുന്നു. വിമോചന സമര കാലത്ത് കെ.പി.സി.സി പ്രസിഡന്റായിരുന്നു. പട്ടം താണുപിള്ള മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 1960 മുതല്‍ 62 വരെ ധനകാര്യ വകുപ്പിന്റെ ചുമതല നിര്‍വഹിച്ചു. 1962 സപ്തംബര്‍ 26 മുതല്‍ 1964 സപ്തംബര്‍ 10 വരെ മുഖ്യമന്ത്രിയായിരുന്നു. 1972 നവംബര്‍ 6-ന് അന്തരിച്ചു.



സി.അച്യുതമേനോന്‍

ജനനം 1913 ജനവരി 13-ന് തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട്. അച്ഛന്‍ മഠത്തില്‍ വീട്ടില്‍ അച്യുതമേനോന്‍. അമ്മ ലക്ഷ്മിക്കുട്ടി അമ്മ. എസ്.എസ്.എല്‍.സി മുതല്‍ നിയമ ബിരുദം വരെ എല്ലാ ക്ലാസുകളിലും ഉയര്‍ന്ന മാര്‍ക്കോടെയാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം പിന്നീട് കൊച്ചി രാജ്യ പ്രജാമണ്ഡലത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി. 1952-ല്‍ തിരു-കൊച്ചി നിയമസഭാ അംഗമാകുമ്പോള്‍ അദ്ദേഹം തടവിലായിരുന്നു. 1957-ല്‍ ഇ.എം.എസ് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു. കേരളത്തിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് 1957 ജൂണ്‍ 7-ന് അച്യുതമേനോനാണ്. 1960-ല്‍ വീണ്ടും നിയമസഭാ അംഗമായി. 1968-69-ല്‍ രാജ്യസഭാ അംഗമായി. 1969 നവംബര്‍ ഒന്നിന് മുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുമ്പോള്‍ അദ്ദേഹം നിയമസഭാ അംഗമായിരുന്നില്ല. പിന്നീട് 1970-ല്‍ കൊട്ടാരക്കരയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. 1970-ല്‍ കൊടകരയില്‍ നിന്ന് നിയമസഭയില്‍ എത്തിയ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. 1977 വരെ ആ പദവിയില്‍ തുടര്‍ന്നു. 1977-ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച അദ്ദേഹം 1991 ആഗസ്ത് 16-ന് അന്തരിച്ചു.


കെ. കരുണാകരന്‍

കണ്ണൂരിലെ ചിറയ്ക്കലില്‍ 1918 ജൂലായ് 5-ന് ജനനം. അച്ഛന്‍ തെക്കേടത്തു രാവുണ്ണിമാരാര്‍. അമ്മ കണ്ണോത്ത് കല്യാണിയമ്മ. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രകല പഠിക്കാന്‍ എത്തിയ അദ്ദേഹം 24-ാം വയസ്സില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി. ഐ.എന്‍.ടി.യു.സിയിലൂടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലും എത്തി. 1948-ല്‍ ഒല്ലൂര്‍ക്കരയില്‍ നിന്ന് കൊച്ചി നിയമസഭയില്‍ എത്തി. 1949, 52, 54 വര്‍ഷങ്ങളില്‍ തിരു-കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1967 മുതല്‍ 91 വരെ തുടര്‍ച്ചയായി ഏഴു തവണ തൃശ്ശൂരിലെ മാള മണ്ഡലത്തില്‍ നിന്നു നിയമസഭയില്‍ എത്തി. മാളയുടെ മാണിക്യം എന്ന വിളിപ്പേരു വീണത് അങ്ങനെ. 1982-ല്‍ മാളയ്ക്കു പുറമെ നേമത്തു നിന്നും ജയിച്ചെങ്കിലും നിലനിര്‍ത്തിയത് മാള മണ്ഡലം. 1967-69, 1980-81, 1987-91 കാലയളവുകളില്‍ നിയമസഭാ പ്രതിപക്ഷ നേതാവായിരുന്നു. 1970-ല്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് രൂപം നല്‍കിയ നേതാക്കളില്‍ പ്രധാനിയായിരുന്നു. 1977-ല്‍ ആദ്യമായി മുഖ്യമന്ത്രി പദത്തില്‍ എത്തി. പിന്നീടു മൂന്നു തവണ കൂടി (1981, 82, 91) മുഖ്യമന്ത്രിയായി. 1971-77 കാലത്ത് അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. 1977-ല്‍ രാജന്‍ കേസിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. 1995-ല്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസാണ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചത്. 1995-97, 97-98, 2004-05 കാലയളവില്‍ രാജ്യസഭാ അംഗമായിരുന്നു. 1998-ലും 1999-ലും ലോക്‌സഭാ അംഗമായി. 1995-ല്‍ കേന്ദ്ര വ്യവസായ മന്ത്രിയായി. 2005-ല്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപവത്കരിച്ചു. 2008-ല്‍ കോണ്‍ഗ്രസ്സിലേക്കു തന്നെ മടങ്ങിപ്പോയി. 2010 ഡിസംബര്‍ 23-ന് അന്തരിച്ചു. ഏറ്റവും കൂടുതല്‍ പ്രാവശ്യം മുഖ്യമന്ത്രി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി, ഒരു നിയമസഭയുടെ കാലാവധി തികച്ചു ഭരിച്ച ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി, ഏറ്റവും കുറച്ചു കാലം ഭരിച്ച മന്ത്രിസഭയ്ക്കു നേതൃത്വം നല്‍കിയ വ്യക്തി എന്നീ റെക്കോഡുകള്‍ അദ്ദേഹത്തിന് സ്വന്തം. കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭകളിലും പാര്‍ലമെന്റിന്റെ ഇരു സഭകളിലും അംഗമായ ഏക വ്യക്തിയെന്ന ബഹുമതിയും കരുണാകരന് സ്വന്തം.

എ.കെ. ആന്റണി

1940 ഡിസംബര്‍ 28-ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനനം. അരക്കപ്പറമ്പില്‍ കുര്യന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടെയും മകന്‍. സ്‌കൂള്‍ പഠന കാലത്ത് കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. 1970 -ല്‍ ചേര്‍ത്തലയില്‍ നിന്ന് നിയമസഭാംഗമായി. 1977 ഏപ്രില്‍ 27 -ന് മുഖ്യമന്ത്രിയായി. 36-ാം വയസ്സില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി അദ്ദേഹം. അപ്പോള്‍ നിയമസഭാംഗമല്ലാതിരുന്ന അദ്ദേഹം കഴക്കൂട്ടത്തു നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയില്‍ എത്തി. എന്നാല്‍, ഇന്ദിരാഗാന്ധി ചിക്കമംഗലൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ പ്രതിഷേധിച്ച് 1978-ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 1978-ല്‍ കോണ്‍ഗ്രസ്സിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് ദേവരാജ് അര്‍സ് വിഭാഗത്തിനൊപ്പം നിന്ന ആന്റണി 1982-ല്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി. 1985-91, 1991-95 കാലഘട്ടങ്ങളില്‍ രാജ്യസഭാംഗമായി. 1993 മുതല്‍ 1995 വരെ പി.വി. നരസിംഹറാവു മന്ത്രിസഭയില്‍ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 1995 മാര്‍ച്ച് 22-ന് വീണ്ടും കേരള മുഖ്യമന്ത്രിയായി. തിരൂരങ്ങാടിയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി. 1996-ല്‍ ചേര്‍ത്തലയില്‍ നിന്ന് നിയമസഭയില്‍ എത്തിയ അദ്ദേഹം 2001 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2001 മെയ് 17-ന് വീണ്ടും മുഖ്യമന്ത്രിയായി. 2004-ല്‍ രാജിവെച്ചു. 2005-ല്‍ രാജ്യസഭാംഗമായതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവെച്ചു. 2006 ഒക്ടോബര്‍ 24 മുതല്‍ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം വഹിക്കുന്നു.

പി.കെ. വാസുദേവന്‍ നായര്‍

1926 മാര്‍ച്ച് രണ്ടിന് കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ ജനിച്ചു. അച്ഛന്‍ വി.എം. കേശവപിള്ള. അമ്മ നാണിക്കുട്ടി അമ്മ. പി.കെ.വി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട അദ്ദേഹം ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ വിദ്യാഭ്യാസം നേടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് സി.പി.ഐ.ക്കൊപ്പം നിന്ന അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഉള്‍പ്പെടെ നിരവധി പ്രധാന ചുമതലകള്‍ വഹിച്ചു. 1977-ലും 80-ലും ആലപ്പുഴയില്‍ നിന്ന്് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1977-78 കാലത്ത് വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. 1978 ഒക്ടോബര്‍ 29-ന് മുഖ്യമന്ത്രിയായി. 1979 ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. നാലു തവണ ലോക്‌സഭാംഗമായി - 1957-ല്‍ തിരുവല്ല, 1962-ല്‍ അമ്പലപ്പുഴ, 1967-ല്‍ പീരുമേട്, 2004-ല്‍ തിരുവനന്തപുരം. 2005 ജൂലായ് 12-ന് അന്തരിച്ചു.


സി.എച്ച്. മുഹമ്മദ്‌കോയ

1927 ജൂലായ് 15-ന് കോഴിക്കോട് ജില്ലയിലെ അത്തോളിയില്‍ ജനിച്ചു. അലി മുസലിയാരുടെയും മറിയുമ്മയുടെയും മകന്‍. മുസ്ലീം ലീഗിന്റെ പ്രതിനിധിയായി കോഴിക്കോട് മുന്‍സിപ്പാലിറ്റിയില്‍ അംഗമായിക്കൊണ്ടാണ് ജനപ്രതിനിധിയായി പ്രവര്‍ത്തനം തുടങ്ങിയത്. 1960-ല്‍ താനൂരില്‍ നിന്ന് നിയമസഭയിലെത്തി. 1961 ജൂണ്‍ 9-ന് സ്പീക്കറായി. നവംബറില്‍ സ്പീക്കര്‍ പദവി രാജിവെച്ച് കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാംഗമായി. 1967-ല്‍ മങ്കടയില്‍ നിന്ന് വീണ്ടും നിയമസഭയില്‍ എത്തി. ഇ.എം.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായ അദ്ദേഹം തുടര്‍ന്ന് സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍ നായര്‍ എന്നിവരുടെ മന്ത്രിസഭകളിലും ഇതേ വകുപ്പ് കൈകാര്യം ചെയ്തു. 1979-ല്‍ മുഖ്യമന്ത്രിയായി. ഒന്നര മാസം മാത്രമേ ഈ മന്ത്രിസഭ നിലനിന്നുള്ളൂ. തുടര്‍ന്ന് കെ.കരുണാകരന്‍ മന്ത്രിസഭയില്‍ അദ്ദേഹം ഉപമുഖ്യമന്ത്രിയായി. ഈ സ്ഥാനത്ത് ഇരിക്കെയായിരുന്നു 1983 സപ്തംബര്‍ 28-ന് അദ്ദേഹത്തിന്റെ മരണം.



ഇ.കെ. നായനാര്‍

ജനനം 1919 ഡിസംബര്‍ 9-ന് കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരിയില്‍. അച്ഛന്‍ ഗോവിന്ദന്‍ നമ്പ്യാര്‍. കയ്യൂര്‍, മൊറാഴ കര്‍ഷക സമരങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നു. 1967-ല്‍ പാലക്കാടു നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1974-ല്‍ ഇരിക്കൂറില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ സംസ്ഥാന നിയമസഭയില്‍ എത്തി. 1980, 82, 87, 91, 96 വര്‍ഷങ്ങളിലും നിയമസഭാംഗമായി. 1980 ജനവരി 25-ന് ആണ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. 1987-91, 1996-2001 കാലഘട്ടത്തിലും മുഖ്യമന്ത്രിയായിരുന്നു. 1981-82, 1982-87, 1991-92 വര്‍ഷങ്ങളില്‍ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2004 മെയ് 19-ന് അദ്ദേഹം അന്തരിച്ചു.



ഉമ്മന്‍ചാണ്ടി

1943 ഒക്ടോബര്‍ 30-ന് കോട്ടയം ജില്ലയിലെ കുമരകത്ത് ജനിച്ചു. കെ.വി. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകന്‍. സ്‌കൂള്‍ പഠന കാലം മുതല്‍ തന്നെ കെ.എസ്.യു നേതാവായി. എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. എട്ടു തവണ നിയമസഭയില്‍ എത്തിയ അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത് തുടര്‍ച്ചയായി 35 വര്‍ഷമാണ്. 1970, 77, 80, 82, 87, 91, 2001, 2006 വര്‍ഷങ്ങളില്‍ നിയമസഭയില്‍ എത്തി. 1977-ല്‍ തൊഴില്‍ വകുപ്പിന്റെയും 1981-ല്‍ ആഭ്യന്തര വകുപ്പിന്റെയും 1991-ല്‍ ധനവകുപ്പിന്റെയും ചുമതല വഹിച്ചു. 2004 ആഗസ്ത് 30-ന് മുഖ്യമന്ത്രിയായി. 2006 മെയ് മുതല്‍ പ്രതിപക്ഷ നേതാവ്.



വി.എസ്. അച്യുതാനന്ദന്‍

1923 ഒക്ടോബര്‍ 20-ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ചു. 1939-ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. 1940-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് അഞ്ചര വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു. പുന്നപ്ര-വയലാര്‍ സമരത്തിന് നേതൃത്വം നല്‍കി. 1967, 70, 91, 2001, 2006 വര്‍ഷങ്ങളില്‍ നിയമസഭാംഗം. 1992-96, 2001-06 വര്‍ഷങ്ങളില്‍ പ്രതിപക്ഷ നേതാവ്. സി.പി.എം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.